Kerala
തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുൻ കരുതലുകൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പരിശീലനം സിദ്ധിച്ച വൺ ഹെൽത്ത് കമ്യൂണിറ്റി വോളന്റിയർമാരുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം ശക്തിപ്പെടുത്തും. പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുതെന്നും നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. പക്ഷികളുടെ പച്ചമാംസം, കാഷ്ടം എന്നിവ കൈകാര്യം ചെയ്യുന്നവർക്ക് റിസ്ക് കൂടുതലാണ്.
ഇവർ മാസ്ക്കുകൾ, കൈയുറകൾ തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കണം. മാംസം നല്ലതുപോലെ വേവിച്ച് കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
Kerala
ആലപ്പുഴ: പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴയില്‍ 19,881 പക്ഷികളെ കൊന്നൊടുക്കും. ചൊവ്വാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് നശിപ്പിക്കുന്നത്.
ആലപ്പുഴ ജില്ലയിൽ തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, പുറക്കാട്, ചെറുതന, നെടുമുടി, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദ്രുതകർമ്മ സേന രംഗത്തിറങ്ങും.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിർദേശിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
Kerala
ആലപ്പുഴ: കർഷകരെ പ്രതിസന്ധിയിലാക്കി കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു.
നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി അടക്കമുള്ളയിടങ്ങളിലാണ് താറാവുകള്‍ ചത്തത്.
പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകൾ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റിവായി. പിന്നാലെ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു.
അവിടെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായതോടെ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. ക്രിസ്മസ് ന്യൂഇയർ വിപണി മുന്നിൽകണ്ട് പ്രതീക്ഷയോടെ കാത്തിരുന്ന കർഷകരാണ് പ്രതിസന്ധിയിൽ ആയത്.
Kerala
ആലപ്പുഴ: ബോഗിക്ക് സമീപത്തു നിന്ന് പുക ഉയർന്നതിനെ തുടർന്ന് ധൻബാദ് എക്സ്പ്രസ് ട്രെയിൻ പിടിച്ചിട്ടു. ആലപ്പുഴക്ക് പോവുകയായിരുന്ന ട്രെയിൻ ശ്രീനാരായണപുരം ഭാഗത്ത് മുക്കാൽ മണിക്കൂറോളം പിടിച്ചിടുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ശ്രീനാരായണപുരം റെയിൽഗേറ്റ് ട്രെയിൻ കടന്നപ്പോൾ അവിടുത്തെ ഗേറ്റ്മാനാണ് പിന്നിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഇദ്ദേഹം അറിയച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തുകയായിരുന്നു.
ആക്സിൽ അമിതമായി ചൂടായതാണ് പുക ഉയരുന്നതിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമായി. പിന്നീട് വിശദ പരിശോധന നടത്തിയശേഷം ട്രെയിൻ യാത്ര തുടർന്നു.
Kerala
ആലപ്പുഴ: സിപിഎം നേതാവ് എ. മഹേന്ദ്രൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. ചൊവ്വാഴ്ച ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് എ. മഹേന്ദ്രനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാൻ തീരുമാനിച്ചത്.
പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എ. മഹേന്ദ്രൻ നൂറനാട് ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ യുഡിഎഫ് തരംഗം ആഞ്ഞു വീശിയെങ്കിലും എൽഡിഎഫ് പിടിച്ചു നിന്ന ജില്ലയാണ് ആലപ്പുഴ.
ആകെയുള്ള 24 ഡിവിഷനുകളിൽ 16 സീറ്റ് നേടിയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. യുഡിഎഫ് എട്ടു സീറ്റുകളിലും വിജയിച്ചിരുന്നു.
Kerala
ആലപ്പുഴ: വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം.
ശുചിമുറിയിൽ വീണ് കാലിന് പരിക്കേറ്റ് വിശ്രമത്തിൽ കഴിയുകയാണ് ജി.സുധാകരൻ. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ, എച്ച്.സലാം എംഎൽഎ തുടങ്ങിയ സിപിഎം നേതാക്കളും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു. കൊല്ലത്തെ പരിപാടി കഴിഞ്ഞ് എറണാകുളത്തേക്ക് പോകവേ ആയിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം.
എത്രയുംവേഗം പൂര്‍ണാരോഗ്യം തിരിച്ചെടുക്കട്ടെയെന്ന് ആശംസിച്ചശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ജി സുധാകരനെ സന്ദര്‍ശിക്കുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ജി.സുധാകരന് വീണ് പരിക്കേറ്റത്.
Kerala
ആലപ്പുഴ : എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിക്കുന്ന മുൻ ലോക്കൽ സെക്രട്ടറിയെ സിപിഎം പുറത്താക്കി. ആലപ്പുഴ കൈനകരിയിൽ വിമതനായി മത്സരിക്കുന്ന മുൻ ലോക്കൽ സെക്രട്ടറി എം.എസ്.മനോജിനെയാണ് പുറത്താക്കിയത്.
മനോജിനെ പിന്തുണച്ച എൽസി അംഗം എ.കെ.ജയ്മോനെയും പുറത്താക്കി. എൽഡിഎഫ് ഘടകക്ഷിയായ എൻസിപിയുടെ സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസിന്റെ വാർഡിലാണ് മുൻ എൽസി സെക്രട്ടറി എം.എസ്.മനോജ് വിമത സ്ഥാനാർഥിയായത്.
എൻസിപി യുവജന വിഭാഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും റോവിംഗ് താരവുമായ റോച്ചാ സി. മാത്യുവാണ് കൈനകരി ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി.
Kerala
ചേർത്തല: ആലപ്പുഴയിൽ യുഡിഎഫിനു തലവേദനയായി വീണ്ടും വിമത സ്ഥാനാർഥി. ഡിസിസി മുൻ ജനറൽ സെക്രട്ടറി രാജു താന്നിക്കൽ ആണ് ആലപ്പുഴ കളപ്പുര വാർഡിൽ വിമതനായി മത്സരിക്കുന്നത്.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് രാജു സ്ഥാനം രാജിവച്ചത്.
Kerala
അമ്പലപ്പുഴ: ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനിൽ യുഡിഎഫിന് രണ്ട് സ്ഥാനാർഥികൾ. കോൺഗ്രസ് സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ മുസ്ലിം ലീഗും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടായത്.
ആഴ്ചകൾ നീണ്ട ചർച്ചക്കൊടുവിൽ വെള്ളിയാഴ്ചയാണ് അമ്പലപ്പുഴ, പുന്നപ്ര ഡിവിഷനുകളിൽ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. നാമനിർദേശ പത്രികാ സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ അമ്പലപ്പുഴയിൽ എ.ആർ. കണ്ണനെയും പുന്നപ്രയിൽ ഉദയകുമാറിനെയുമാണ് സ്ഥാനാർഥികളാക്കിയത്.
ഇവർ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് കോൺഗ്രസിന് ഭീഷണിയുമായി അമ്പലപ്പുഴ ഡിവിഷനിൽ മുസ്ലിം ലീഗിലെ അഡ്വ. അൽത്താഫ് സുബൈർ നാമ നിർദേശ പത്രിക സമർപ്പിച്ചത്.
ഈ ഡിവിഷനിൽ സ്ഥാനാർഥിയെ സംബന്ധിച്ച് ചർച്ച തുടങ്ങിയപ്പോൾ മുസ്ലിം ലീഗിന് സീറ്റ് നൽകാമെന്ന ധാരണയുണ്ടായിരുന്നു. 2005ൽ ലീഗിനെ പ്രതിനിധീകരിച്ച് അഡ്വ. മുഹമ്മദ് അമ്പലപ്പുഴ ഡിവിഷനിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് നടന്ന ഒരു തെരഞ്ഞെടുപ്പിലും തങ്ങളെ പരിഗണിച്ചിട്ടില്ലെന്നാണ് ലീഗിന്റെ പരാതി.
അമ്പലപ്പുഴയിലോ പുന്നപ്രയിലോ സീറ്റ് നൽകാമെന്ന ധാരണ നിലനിൽക്കെയാണ് ഇതിന് വിരുദ്ധമായി കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. ഇതോടെയാണ് അഡ്വ. അൽത്താഫ് സുബൈർ നാമനിർദേശ പത്രിക സമർപ്പിച്ചത്.
ലീഗ് ജില്ലാകമ്മിറ്റിയുടെ അനുവാദത്തോടെയാണ് അമ്പലപ്പുഴ ഡിവിഷനിൽ മത്സരിക്കാൻ നാമ നിർദേശ പത്രിക സമർപ്പിച്ചതെന്ന് അൽത്താഫ് സുബൈർ പറഞ്ഞു.കോൺഗ്രസിനെതിരെ ലീഗ് രംഗപ്രവേശം ചെയ്തതോടെ യുഡിഎഫ് സംസ്ഥാന നേതൃത്വവും പ്രശ്നം പരിഹരിക്കാൻ ഇടപെടൽ തുടങ്ങിയിട്ടുണ്ട്.
Kerala
മരട്: കല്യാണദിനത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ പ്രതിശ്രുത വധുവിനെ നിശ്ചയിച്ച സമയത്തുതന്നെ ആശുപത്രി മുറിയിൽ താലി ചാർത്തി വരൻ. ആലപ്പുഴ തുമ്പോളി മുതലശേരി വീട്ടിൽ ജഗദീശിന്റെ മകൾ ആവണി (25)യുടെ വിവാഹമായിരുന്നു ഇന്ന്.
ഉച്ചയ്ക്ക് 12.15നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു തുമ്പോളി സ്വദേശിയായ ഷാരോൺ (32) താലി ചാർത്തേണ്ടിയിരുന്നത്.
വിവാഹത്തിന് അണിഞ്ഞൊരുങ്ങാനായി വെള്ളിയാഴ്ച പുലർച്ചെ ബ്യൂട്ടിപാർലറിലേക്കു പോകും വഴി ആവണി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ ആവണിയെ നെട്ടൂരിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് നിശ്ചയിച്ച സമയത്തുതന്നെ താലി ചാർത്താനായി ഷാരോണും ബന്ധുക്കളും ആശുപത്രിയിലേക്കെത്തിയത്.
Kerala
തൃശൂർ: കേരളത്തില്‍ എയിംസ് പദ്ധതി നടപ്പിലാക്കുമെന്ന വാഗ്ദാനത്തിൽ ഉറച്ച് സുരേഷ് ഗോപി എംപി. കേരളത്തിൽ എയിംസ് പദ്ധതി നടപ്പാക്കുന്നത് ആലപ്പുഴ ജില്ലയിലാകണമെന്നാണ് ആഗ്രഹമെന്നും ഏതെങ്കിലും കാരണവശാൽ ആലപ്പുഴയ്ക്ക് കിട്ടിയില്ലെങ്കിൽ അത് തൃശൂരിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ കോഫി ടൈം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയിംസ് കേരളത്തിന് തരുമെങ്കില്‍ അത് ആലപ്പുഴയില്‍ വേണം. ഇത്രയും അടിതെറ്റിയ ജില്ല വേറെയില്ല.
പിന്നെയുള്ളത് ഇടുക്കിയാണ്. അവിടെ ഭൂമിശാസ്ത്രപരമായി നടപ്പിലാക്കാന്‍ കഴിയാത്തതുകൊണ്ട് ആലപ്പുഴയില്‍ തന്നെയാണ് വരേണ്ടത്. അത് തന്നില്ലെങ്കില്‍ തൃശൂരിന്റെ തണ്ടെല്ല് ഞാന്‍ അവിടെക്കാണിക്കും. കേരളത്തില്‍ എവിടെയായാലും എയിംസിന്റെ തറക്കല്ലിടാതെ വോട്ടഭ്യര്‍ഥിച്ച് ഞാന്‍ ജനങ്ങളക്ക് മുന്നില്‍ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
പത്തനംതിട്ട: പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് തിങ്കളാഴ്ച മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്.
ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.